റസൂല്‍, നിങ്ങളൊരു പൂക്കുറ്റി!

Posted ഫെബ്രുവരി 25, 2009 by kakka
വിഭാഗങ്ങള്‍: Uncategorized

റസൂല്‍ പൂക്കുട്ടി കേരളീയനാണെന്ന് കേരളത്തില്‍ വന്നു പോയിട്ടുള്ള വിദേശസഞ്ചാരികള്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടും. വെടിക്കെട്ടിന്റേയും വാദ്യഘോഷങ്ങളുടേയും ശബ്ദകോലാഹലത്തില്‍ അഭിരമിക്കുന്ന, കാക്കയേയും കോഴിയേയും ശബ്ദിക്കാനനുവദിക്കാതെ പ്രഭാതങ്ങളില്‍ അത്യുച്ചത്തില്‍ കോളാമ്പിവെച്ച് കര്‍ണ്ണകഠോരമായ ഭക്തിഗീതങ്ങളും ബാങ്കുവിളിയും മുഴക്കുന്ന ഒരു നാട്ടില്‍ നിന്ന് എങ്ങനെ ഈ സൂക്ഷ്മശബ്ദഗ്രാഹി ഉണ്ടായി! ഒരുപക്ഷെ, നിശ്ശബ്ദതയുടെ സൌന്ദര്യം വേറിട്ടറിയാനും പഠിക്കാനും പ്രയോഗിക്കാനും ഇതുതന്നെയായിക്കൂടെ അദ്ദേഹത്തെ പ്രചോദിപ്പിച്ചതും. ഓസ്കാര്‍ സ്വീകരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് എന്തൊരു മുഴക്കമായിരുന്നു! മുന്നിലും പിറകിലും നിശ്ശബ്ദതയുള്ള ഒരു മഹത്തായ വാക്ക് ലോകത്തിനു നല്‍കിയ രാജ്യത്തില്‍നിന്നാണ് താന്‍ വരുന്നതെന്ന്. ഓംകാരമത്രേ ആ ശബ്ദം. തീര്‍ച്ചയായും ആ ശബ്ദത്തിനു പകരം ലോകം ഇന്ത്യക്കു ൈകിനല്‍കിയ പുരസ്കാരംതന്നെയാണ് ഈ ഓസ്കാര്‍.

ശബ്ദമിശ്രണം എന്ന കലയെക്കുറിച്ച് ശ്രദ്ധിക്കാന്‍ ഈ പുരസ്കാരം സന്ദര്‍ഭമൊരുക്കുമോ? നമ്മുടെ അമ്മയും മാക്ടയും ഈ നിശ്ശബ്ദകലാകാരന്മാരെ ഇനിയെങ്കിലും ആദരിക്കുമോ? ശബ്ദത്തെ കലാസൃഷ്ടിയാക്കുന്ന, പിന്നിലും മുന്നിലുമുള്ള നിശ്ശബ്ദതയെ മലയാളി തിരിച്ചറിയുമോ?

‘നിശ്ശബ്ദതപോലുമന്നു നിശ്ശബ്ദമായ്’ എന്ന വയലാറിന്റെ വരികള്‍ ആസ്വദിച്ചു നിശ്ശബ്ദരാകുമോ?

Advertisements

ആമയറിയുമോ അങ്ങാടിവാണിഭം?

Posted ജൂലൈ 12, 2006 by kakka
വിഭാഗങ്ങള്‍: Uncategorized

എഴുനൂറോളം നക്ഷത്ര ആമകളെ വില്പനയ്ക്കായി കയറ്റിയയ്ക്കാന്‍ വന്ന ഒരുത്തനെ കൊച്ചിയില്‍ പിടികൂടിയതായി വാര്‍ത്ത. 37 ലക്ഷം വിലമതിയ്ക്കുമത്രേ അവയ്ക്ക്. ആമയറിയുമോ അങ്ങാടിവാണിഭം? ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ് ലാന്‍റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണത്രേ അവ കയറ്റിയയക്കാന്‍ ലക്ഷ്­യമിട്ടിരുന്നത്. അവിടങ്ങളിലെ ജനങ്ങളുടെ അന്ധവിശ്വാസമാണത്രേ ഇവയ്ക്കിത്ര വിലമതിക്കാന്‍ കാരണം. നക്ഷത്ര ആമകളെ പോറ്റിവളര്‍ത്തുന്നുവര്‍ക്ക് ജീവിതൈശ്വര്യമുണ്ടാകുമെന്നാണ് സങ്കല്പമത്രേ. കൊല്ലാനല്ല, വളര്‍ത്താന്‍തന്നെയാണ് വാങ്ങുന്നത്. മലേഷ്യയിലെത്തിയാല്‍ 40, 50 ഡോളര്‍വച്ചു കിട്ടും ഒരെണ്ണത്തിന്. 20, 30 വച്ചാണ് നമ്മുടെ കച്ചവടക്കാര്‍ സാധനം സംഘടിപ്പിക്കുന്നത് എന്നും വായിച്ചു. ലാഭം കിട്ടുമെങ്കില്‍ നക്ഷത്ര ആമയല്ല, സൂര്യ ആമയായാലും നമ്മുടെ കൂട്ടര്‍ പിടിച്ചുവില്ക്കും. കഷ്ടം,വീരപ്പനുണ്ടായിരുന്നെങ്കില്‍! പാവം, ആനയെ വിട്ട് ആ യശഃശരീരന്‍ ആമയെ പിടികൂടിയിരുന്നേനേ!

സിദാന്‍ എന്തിനതു ചെയ്തു?

Posted ജൂലൈ 12, 2006 by kakka
വിഭാഗങ്ങള്‍: Uncategorized

കളിതീരുന്നതിന് ഏതാനും മിനുറ്റുകള്‍ ബാക്കിനില്ക്കേ, സിദാന്‍ ഒരു പോരുകാളയെപ്പോലെ മറ്റരാസിയുടെ നെഞ്ചിലേക്ക് തലയിടിച്ചതെന്തിന്? മറ്റരാസി എന്താണ് സിദാനോട് പറഞ്ഞത്, ഇത്രയ്ക്കു പ്രകോപനമുണ്ടാക്കാന്‍? പത്രക്കാര്‍‍ പലതും എഴുതുന്നു. സത്യമെന്താണെന്ന് അറിഞ്ഞുകൂടാ. പൊതുവേ മാന്യനായ ഒരു കളിക്കാരനായാണ് സിദാന്‍ അറിയപ്പെടുന്നത്. മറ്റരാസിയുടെ ചുണ്ടനക്കങ്ങളെ ക്ലോസപ്പില്‍ നിരീക്ഷിച്ചുകൊണ്ട് അയാള്‍ പറഞ്ഞിരിക്കാനിടയുള്ള പ്രകോപനവാക്യങ്ങളെ ഊഹിച്ചെടുക്കുകയാണത്രേ ഒരു കൂട്ടര്‍. ഏതായാലും പ്രതികള്‍ രണ്ടുപേരും പത്രക്കാരോട് ഇതുവരെ ചുണ്ടനക്കിയിട്ടില്ല. വരുംദിവസങ്ങളില്‍ പുറത്തുവരാന്‍ സാദ്ധ്യതയുണ്ട്. ആ കളി കണ്ടവരുടെ കണ്ണില്‍നിന്ന് മായില്ല ഏതായാലും ആ ആക്രമണദൃശ്യം,. പിന്നിലൂടെ നടന്നടുക്കുന്ന മറ്റരാസി സിദാന്‍റെ വാരിയിലൂടെ കൈ ചേര്‍ക്കുന്നു. മന്ദം അതു വിടുവിച്ച് ശാന്തനായിത്തന്നെ സിദാന്‍ മുന്നോട്ടു നടക്കുന്നു. രണ്ടടി പിന്നിട്ട്, പെട്ടെന്നു തിരിഞ്ഞു നിന്നു. മുന്നോട്ടുവരുന്ന മറ്റരാസി അടുത്തെത്തിയതും ഓര്‍ക്കാപ്പുറത്ത് കൈകള്‍ പിന്നിലാക്കി സിദാന്‍ തലകൊണ്ട് മറ്റരാസിയുടെ നെഞ്ചില്‍ ആഞ്ഞിടിക്കുന്നു. ഇടിയുടെ ആഘാതത്താല്‍ മറ്റരാസി നെഞ്ചുപൊത്തി താഴെ വീഴുന്നു. ഒരു കാര്യം തീര്‍ച്ച. അവിടെ ഫുട് ബോളില്ല. അത് മറ്റേതോ കളിയായിരുന്നു.

Hello world!

Posted ജൂലൈ 12, 2006 by kakka
വിഭാഗങ്ങള്‍: Uncategorized

Welcome to WordPress.com. This is your first post. Edit or delete it and start blogging!